ജയ്പൂർ: രാജസ്ഥാനിൽ കടുവയുടെ കടിയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. രൺഥംബോർ നാഷണൽ പാർക്കിന് സമീപമുള്ള ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മാതാപിതാക്കളുമായി മടങ്ങുന്നതിനിടെയാണ് ഏഴുവയസുകാരന്റെ ദേഹത്ത് കടുവ ചാടി വീണത്. പിന്നീട് അതിക്രൂരമായി കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കാർത്തിക് സുമൻ എന്ന ഏഴുവയസുകാരനാണ് ജീവൻ നഷ്ടമായത്. തന്റെ കൈപിടിച്ചാണ് കുട്ടി നടന്നതെന്നും പെട്ടെന്ന് കടുവ ചാടി വന്ന് കുട്ടിയുടെ കഴുത്തിന് കടിക്കുകയായിരുന്നുവെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. പിന്നാലെ കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കടുവ കൊണ്ടുപോയി. പിന്നീട് വനംവകുപ്പാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് കുട്ടി സന്തോഷത്തോടെ കുരങ്ങന്മാരോടൊപ്പം കളിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് തൊട്ടുമുൻപുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.