തിരുവനന്തപുരം : 23ാമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെ നിരവധി പേർ ചടങ്ങില്‍ സംബന്ധിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസും ചടങ്ങിന് എത്തിയിരുന്നു.
മുൻ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു ആർലെക്കർ. ആർ.എസ്.എസിലൂടെ വളർന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ദീർഘകാലം ആർ.എസ്.എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് ബി.ജെ.പിയിൽ അംഗത്വം എടുക്കുന്നത്.
ഗോവ ബി.ജെ.പി ജനറല്‍ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാൻ, ബി.ജെ.പി ഗോവ യൂനിറ്റിന്‍റെ ജനറൽ സെക്രട്ടറി, ബി.ജെ.പി സൗത് ഗോവ പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഗോവയിലെ നിയമസഭ പ്രവർത്തനം കടലാസ് രഹിതമാകുന്നത് ആർലെക്കർ സ്പീക്കറായ ശേഷമായിരുന്നു. രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായിരുന്നു ഗോവയിലേത്. രണ്ടു തവണ ഗോവ നിയമസഭാംഗമായിരുന്ന ആർലെക്കർ മികച്ച സ്പീക്കറെന്ന നിലയിലും പേരെടുത്തിരുന്നു.
2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിലാണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്‍റെ 29ാമത് ഗവര്‍ണറായി.