കണ്ണൂർ :രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന കണ്ണൂർ ഇരിട്ടി സ്വദേശിനിയായ രാജിയാണെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി.ഒന്നാം വിവാഹം പരാജയമായതിനെ തുടർന്നാണ് ഇവർ മതം മാറിയത്. ഉഡുപ്പിയിലേക്ക് താമസം. മാറ്റുകയും ലഹരി വിൽപനയും ചലച്ചിത്ര മേഖലയിൽ പ്രവേശിക്കുകയും ചെയ്തതോടെ കുടുംബവുമായി പൂർണമായി അകന്നു. തസ്ലീമയുടെ തെറ്റായ പോക്ക് ചോദ്യം ചെയ്ത സഹോദരനെ അപായപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തുവെന്ന കേസ് നിലവിലുണ്ട്.
കഞ്ചാവ് കടത്തൽ കേസിലെ മുഖ്യപ്രതിയായ ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43)യാണ് തസ്ലീമ സുൽത്താനയുടെ രണ്ടാം ഭർത്താവ്. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.
രാജിയെന്ന തസ്ലീമ പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൊത്തത്തിൽ നാല് പേരുകളിലാണ് തസ്ലീമ അറിയപ്പെടുന്നത്. ചലച്ചിത്ര മേഖലയിൽ തിരക്കഥാ മൊഴിമാറ്റക്കാരിയും എക്സ്ട്രാ നടിയുമായ ക്രിസ്റ്റീനയെന്നാണ് സുൽത്താന അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും കർണാടകയിലും തസ്ലിമ സുൽത്താനയ്‌ക്ക് ലഹരിമരുന്ന് വില്പനയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താനയെന്നാണെങ്കിൽ സിനിമാലോകത്ത് ക്രിസ്റ്റീനയെന്നാണ് പ്രതിയുടെ പേര്. അതേ സമയം, കർണാടകയിൽ എത്തുമ്പോൾ മഹിമ മധുവെന്നാണ് ഇവർ അറിയപ്പെടുന്നത്.
എറണാകുളത്തുനിന്ന് വാഹനം വാടകയ്ക്ക് എടുത്തതും മഹിമ മധു എന്ന പേരിലായിരുന്നു. ഇവിടെയെല്ലാം തസ്ലീമയ്ക്ക് വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വ്യത്യസ്ത തിരിച്ചറിയൽ കാർഡുകളാണ് പ്രതി ഉപയോഗിച്ചു വരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്.