
പത്തനംതിട്ട : വീണാ ജോർജിനെതിരെയുള്ള പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും സിപിഐഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തിൽ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം പറഞ്ഞു.
വാർത്തകളിൽ അവ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാർട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോർജിനെതിരെ സിപിഐഎം നേതാക്കൾ തന്നെ വിമർശനവുമായി രംഗത്തുവന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.