കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് മാധ്യമങ്ങളുടെ ചർച്ച മാത്രം; രമേശ് ചെന്നിത്തല

03:25 PM Dec 22, 2024 | Litty Peter

ശബരിമല: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് മാധ്യമങ്ങളുടെ ചർച്ച മാത്രമെന്ന് രമേശ് ചെന്നിത്തല. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

എല്ലാ സാമുദായിക സംഘടനകളും ആയി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടം ആണ്. മന്നംജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനം ഉണ്ട്. മാധ്യമങ്ങൾ മറ്റൊരു തരത്തിൽ ചോദ്യം ചോദിച്ചതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെ ഒരു ഉത്തരം പറഞ്ഞത്. 

കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തി 2026 അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ശബരിമലയിൽ മാസ്റ്റർ പ്ലാനിനുള്ള പണം സർക്കാർ വേഗം അനുവദിക്കണം. 

തീർത്ഥാടനം വിജയമാക്കുന്നതിന് ദേവസ്വം ബോർഡും പോലീസും നന്നായി പ്രവർത്തിക്കുന്നുണ്ട്. പിണറായി വിജയന് അമിത് ഷായെ ഭയമാണെന്നും കേസ് ഉള്ളതിനാലാണ് മുഖ്യമന അമിത് ഷാക്കെതിരെ മുഖ്യമന്ത്രി ഒന്നും പറയാത്തത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.