റാങ്ക് ​ഹോൾഡറാണ് , തുടർന്ന് പഠിക്കണം, ഒറ്റമകളാണ്, ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ

02:02 PM Jan 18, 2025 | Kavya Ramachandran

തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ പ്രണയം നടിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എം എ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ​ഗ്രീഷ്മ കോടതിയിലെ അന്തിമവാദത്തിനിടയിൽ പറഞ്ഞു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം കേൾക്കുന്നത്.

 തനിക്ക് പറയാനുള്ളത് ​ഗ്രീഷ്മ രേഖാമൂലം കോടതിയിൽ എഴുതി നൽകുകയായിരുന്നു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ കൈമാറിയാണ് പഠിക്കണമെന്ന ആ​​ഗ്രഹം പങ്കുവച്ചത്. 24 വയസ് മാത്രമാണ് തന്റെ പ്രായമെന്നും വീട്ടിലെ ഏക മകളാണെന്നും ​ഗ്രീഷ്മ പറഞ്ഞു.

അപൂർവങ്ങളിൽ‌ അപൂർവമായ കേസാണെന്നും ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ​ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ മനസാണ്. ഉന്നതവിദ്യാഭ്യാസം ഉപയോ​ഗിച്ച് ക്രൂരകൃത്യം നടത്തി. ഷാരോണിന്റെ സ്വപ്നം ​ഗ്രീഷ്മ തകർത്തു. ​ഗ്രീഷ്മ ദയ അർഹിക്കുന്നില്ല. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ​ഗ്രീഷ്മ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. പരിശുദ്ധ പ്രണയമെന്ന ധാരണയെ തന്നെയാണ് കൊല ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

​ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോ​ഗിച്ച് ബ്ലാക്‌മെയിൽ ചെയ്തുവെന്നും ഷാരോണിന് ബ്രൂട്ടൽ മനസുണ്ടെന്നും പ്രതിഭാ​ഗം വാദിച്ചു. പ്രതിക്ക് ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും ​ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ ശിക്ഷാവിധി തിങ്കാളാഴ്ച വിധിക്കും.