വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ക്യാമറയിൽ പക‍ർത്തി പണം ചോദിച്ച് ഭീഷണി; 47കാരൻ പിടിയിൽ

07:18 PM Apr 22, 2025 | AVANI MV

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ക്യാമറയിൽ പക‍ർത്തി പണം ചോദിച്ച് ഭീഷണിയ ആലപ്പുഴ സ്വദേശി അറസ്റ്റിൽ. ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് യുവതിയുടെ വിശ്വാസം നേടുകയും ചെയ്ത പ്രതി വിവാഹം ചെയ്തോളാമെന്ന് പറഞ്ഞാണ് യുവതിയെ പലതവണ ലൈംഗികമായി ഉപയോഗിച്ചത്.

യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ പ്രതി ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടപ്പോളാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നു യുവതി തിരിച്ചറിഞ്ഞത്. 

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ് ടോപ്, കാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.