കേരളത്തില്‍ റാപ്പിഡ് റെയില്‍ പദ്ധതി ; ഡിപിആര്‍ സമര്‍പ്പിച്ചാല്‍ സഹകരിക്കാമെന്ന് കേന്ദ്ര മന്ത്രി

07:42 AM Sep 13, 2025 | Suchithra Sivadas

കേരളത്തില്‍ റാപ്പിഡ് റെയില്‍ പദ്ധതിക്കായി സാധ്യത തുറന്ന് കേന്ദ്രം. കേരളം ഡിപിആര്‍ സമര്‍പ്പിച്ചാല്‍ സഹകരിക്കാമെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. റാപ്പിഡ് റെയിലിന്റെ കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവ് പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം നിരന്തരം കേന്ദ്രത്തെ സമീപിക്കുന്നുണ്ടെങ്കിലും അനുകൂല നിലപാട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. സില്‍വര്‍ ലൈനിന്റെ ഡിപിആറിലടക്കം അപാകതകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇത്തരത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോളാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

ഡല്‍ഹിയിലും മീററ്റിലുമടക്കം റാപ്പിഡ് റെയില്‍ സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തമിഴ്നാട്ടിലും റാപ്പിഡ് റെയില്‍ എത്തിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.

Trending :