ന്യൂഡല്‍ഹി: അഞ്ച് മത്സരങ്ങളുള്ള നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാക്ക് റൂം സ്റ്റാഫില്‍ നിന്നും അഭിഷേക് നായരെ പുറത്താക്കിയതിന് പിന്നില്‍ സൂപ്പര്‍താരമെന്ന് റിപ്പോര്‍ട്ട്.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വര്‍ഷം അസിസ്റ്റന്റ് കോച്ചായി നിയമിതനായ അഭിഷേക് നായരെ പുറത്താക്കിയതിന് കാരണമായി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഡ്രസ്സിങ് റൂമിലെ രഹസ്യങ്ങള്‍ പുറത്തുപോയതാണ് ഇതിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ടുപിന്നാലെ, ബിസിസിഐ ഒരു അവലോകന യോഗം നടത്തിയിരുന്നു. സെക്രട്ടറി ദേവജിത് സൈകിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരുള്‍പ്പെടെ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട പ്രധാന അംഗങ്ങളും ദേശീയ സെലക്ടര്‍മാരും ഇതില്‍ പങ്കെടുത്തു.
യോഗത്തിനിടെ, സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരു അംഗം അഭിഷേക് നായറിന്റെ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഡ്രസ്സിംഗ് റൂമില്‍ അദ്ദേഹം ഉണ്ടായിരിക്കുന്നത് വിപരീതഫലം ഉണ്ടാക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു.
2024 ലെ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മുഖ്യ പരിശീലകനായും ബാറ്റിംഗ് പരിശീലകനായും ഗൗതം ഗംഭീറും അഭിഷേക് നായരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ടീം ഇന്ത്യ അസിസ്റ്റന്റ് കോച്ചായി അഭിഷേകിനെ നിയമിച്ചത് ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന.
ഗംഭീറിനും രോഹിത്തിനും ഇടയിലെ ഒരു പാലമായി പ്രവര്‍ത്തിക്കാനായാണ് ബിസിസിഐ അഭിഷേകിനെ നിയമിച്ചത്. മുംബൈക്കുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലംമുതല്‍ രോഹിത്തും അഭിഷേകും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. എന്നാല്‍, അഭിഷേകിനെ പുറത്താക്കിയത് രോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്നത് വ്യക്തമല്ല.