രാജസ്ഥാനിൽ പെയ്തത് റെക്കോഡ് മഴ

04:30 PM Sep 09, 2025 | Neha Nair

രാജസ്ഥാൻ: വടക്കെ ഇന്ത്യയിൽ ഇത്തവണ മൺസൂൺ​ കലിതുള്ളി പെയ്യുകയാണ്. കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് പേമാരിയായും മഴയായും മറ്റു പ്രകൃതിദുരന്തങ്ങളുടെ രൂപത്തിലുമെത്തുന്നത്. രാജസ്ഥാൻ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയർന്നതോതിലുള്ള മഴയാണ് തകർത്തുപെയ്യുന്നത്. 108 വർഷം മുമ്പ് 1917 ലാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയതോതിൽ മഴ​പ്പെയ്ത്തുണ്ടായത്. അന്ന് പെയ്തിറങ്ങിയത് 844.2mm മഴയാണ്.

അതിനുശേഷം 2025 ൽ കഴിഞ്ഞ ദിവസങ്ങളിലായി മൺസൂണിന്റെ തോത് 693.1mm ആണ്. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. നാടും നഗരങ്ങളുമെല്ലാം വെള്ളക്കെട്ടിലായിട്ടും മഴ തുടർന്നും പെയ്യുകയാണ്. കഴിഞ്ഞ മൂന്നു മാസങ്ങളിൽ ജൂണിൽ 125.3mm ജൂലൈയിൽ 290mm ആഗസ്റ്റിൽ 184mm എന്നതോതിലാണ് മഴയുടെ പെയ്ത്ത്. ജെയ്സാൽമിറിലും ബാർമേറിലും മഴ മുന്നറിയിപ്പുളളതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ കുളുവിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേരടങ്ങുന്ന കുടുംബം മണ്ണിനടിയിലായി.

നാലുപേരെ ദുരന്തനിരവാരണസേന പ്രവർത്തകർ പുറത്തെടുത്തു. ഒരു വയോധികൻ കൊല്ലപ്പെട്ടു ബാക്കി കുടുംബാംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. റോഡു ഗതാഗതം താറുമാറായി മലവെള്ളപ്പാച്ചിലിൽ റോഡുകൾ ഒഴുകിപ്പോയി. 744 ഓളം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ദേശീയപാതക​ളിലെല്ലാം ഗതാഗതം പുനഃസ്ഥാപിക്ക​പെട്ടിട്ടില്ല. ആപ്പിൾ വിളവെടുപ്പ് സീസണായതിനാൽ പറിച്ച ആപ്പിളുകൾ ​കയറ്റിയയക്കാൻ സാധിച്ചിട്ടുമില്ല. വിനോദസഞ്ചാരമേഖലയും താറുമാറാണ് മൊത്തം നാലായിരം കോടിയു​ടെ നഷ്‍ടമെങ്കിലും കണക്കാക്കുന്നു.

യു.പിയിൽ ഗംഗ, യമുനാ നദികൾ കരകവി​െഞ്ഞാഴുകുകയാണ്. മധുരയിലെ കൃഷ്ണക്ഷേത്രവും പരിസരവും വെള്ളക്കെട്ടിലാണ്. മധുരയിലെ നാൽപത്തിയെട്ട് ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാരാണസിയിൽ ഗംഗാനദി കരകവിഞ്ഞ് താ​ഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. താമസക്കാരായ ജനങ്ങ​​ളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

മഹാരാഷ്ട്രയിലെ താണെ ജില്ലയിലെ മുംബ്രയിൽ തിങ്കളാഴ്ച അർധരാത്രി 12.36 ന് ദൗലത്ത് നഗറിലെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കെട്ടിടത്തിന് താഴെ നിന്നിരുന്ന രണ്ട് സ്ത്രീകളുടെ മേലാണ് വീണത്. 62 വയസ്സുള്ള സ്ത്രീ മരിക്കുകയും മരുമകൾക്ക് ഗുരുതരമായി പരിക്കേറ്റു. യമുനാനദി നിറഞ്ഞ് ആഗ്രയിൽ താജ് മഹലിനടുത്തേക്കെത്താറായി. ഡൽഹിയിൽ തുടരുന്ന കനത്തമഴയിൽ നാലുനില കെട്ടിടത്തിന്റെ ഭിത്തിതകർന്നുവീണു. സംഭവസമയം കെട്ടിടത്തിൽ താമസക്കാരില്ലാതിരുന്നത് അപകടമൊഴിവാക്കി. താമസക്കാരായ 14പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

ഹരിയാനയിലും പഞ്ചാബിലും മഴകുറയുന്നുണ്ട്. പഞ്ചാബിൽ ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറന്നു. മഴ മുന്നറിയിപ്പുകളുമില്ല. ഛത്തിസ്ഗഢിൽ 33 ജില്ലകളിൽ മഞ്ഞ മഴമുന്നറിയിപ്പും ​ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്. മധ്യപ്രദേശിലും മൺസൂൺ തകർക്കുകയാണ്. അണക്കെട്ടുകൾ നിറഞ്ഞ് ഷട്ടറുകൾ ഉയർത്തിയതോടെ അപകടങ്ങളും വർധിക്കുകയാണ്. ഭോപ്പാലിൽ പുഴയിലിറങ്ങിയ കുട്ടി ഒഴുകിപ്പോയി. മഴ മുന്നറിയിപ്പുകൾ വട​ക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിലനിൽക്കെ മണ്ണിടിച്ചിലും മേഘവിസ്ഫോടനവും ജീവന് ഭീഷണിയാവുകയാണ്.