കാലിഫോർണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസിനായി എഐയിൽ പ്രവർത്തിക്കുന്ന വോയിസ് ട്രാൻസ്‌ലേഷൻ ടൂളുമായി മെറ്റ. തുടക്കത്തിൽ ഇത് ഇംഗ്ലീഷ്, സ്‍പാനിഷ് ഭാഷകളിൽ ലഭ്യമാകും. ഇത് കണ്ടൻറ് ക്രിയേറ്റേഴ്‌സിനെ ലിപ്-സിങ്കിംഗ് ഉപയോഗിച്ച് ഇംഗ്ലീഷിൽ നിന്ന് സ്‍പാനിഷിലേക്കോ, തിരിച്ചോ അവരുടെ ശബ്‍ദം ട്രാൻസിലേറ്റ് ചെയ്യാൻ അനുവദിക്കുന്നു. ദ്വിഭാഷാ അല്ലെങ്കിൽ അന്തർദേശീയ പ്രേക്ഷകരെ ലക്ഷ്യമിടുന്ന കണ്ടൻറ് ക്രിയേറ്റേഴ്‌സിന് ഏറെ ഉപകാരപ്രദമാണ് ഈ ടൂൾ. റീലുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കാനും ഈ ടൂൾ സഹായിക്കുമെന്നും ആഗോളതലത്തിൽ ഫോളോവേഴ്‌സിനെ സൃഷ്‌ടിക്കാൻ ടൂൾ സഹായിക്കുമെന്നും കമ്പനി പറയുന്നു. ഈ ടൂൾ നിങ്ങളുടെ ശബ്‌ദത്തിൻറെ ടോൺ അനുകരിക്കുകയും ഓപ്‌ഷണൽ ലിപ്-സിങ്കിംഗ് ഉൾപ്പെടെ വാഗ്‍ദാനം ചെയ്യുകയും ചെയ്യുന്നു.
മെറ്റയുടെ പുതിയ എഐ പവർഡ് വോയ്‌സ് ട്രാൻസ്‌ലേഷൻ ഫീച്ചർ ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണെന്ന് കമ്പനി പ്രഖ്യാപിച്ചു. മെറ്റ എഐ ട്രാൻസ്‌ലേഷൻസ് നിങ്ങളുടെ സ്വന്തം ശബ്‍ദവും ടോണും ഉപയോഗിക്കുന്നതിനാൽ അത് നിങ്ങളായിത്തന്നെ തോന്നും എന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു. ലിപ് സിങ്കിംഗ് ഫീച്ചർ നിങ്ങളുടെ വായയുടെ ചലനങ്ങളെ ട്രാൻസ്‍ലേറ്റ് ചെയ്‌ത ഓഡിയോയുമായി പൊരുത്തപ്പെടുത്തുന്നു എന്നതാണെന്നും അതുവഴി റീലിൽ ഉപയോഗിച്ച ഭാഷ നിങ്ങൾ ശരിക്കും സംസാരിക്കുന്നതായി തോന്നിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഈ ടൂളിന് ഭാവിയിൽ കൂടുതൽ അപ്‌ഡേറ്റുകളും കൂടുതൽ ഭാഷകളും മെച്ചപ്പെടുത്തലുകളും ലഭിക്കുമെന്നുംപ്രതീക്ഷിക്കുന്നു.
ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ഒരു റീൽ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ്, 'ക്രിയേറ്റേഴ്സിന് മെറ്റ എഐ ഉപയോഗിച്ച് നിങ്ങളുടെ ശബ്‌ദം വിവർത്തനം ചെയ്യുക' എന്ന ഓപ്ഷൻ കാണാനാകും. അവർക്ക് ട്രാൻസ്‍ലേഷൻ ആക്‌ടീവാക്കാനും ലിപ്-സിങ്കിംഗ് ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കാനും സാധിക്കും. ഉപയോക്താവ് "ഷെയർ നൗ" ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, ട്രാൻസ്‍ലേറ്റ് ചെയ്‌ത പതിപ്പ് ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും.
അവലോകന ടോഗിൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, ട്രാൻസ്‍ലേഷൻ തത്സമയമാകുന്നതിന് മുമ്പ് ക്രിയേറ്റേഴ്‌സിന് അത് അവലോകനം ചെയ്യാനും വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനും സാധിക്കും. ട്രാൻസ്‍ലേഷൻ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ഒരു അറിയിപ്പ് അവർക്ക് ലഭിക്കും. അല്ലെങ്കിൽ പ്രൊഫഷണൽ ഡാഷ്‌ബോർഡ് സന്ദർശിക്കാം. ഏത് സാഹചര്യത്തിലും ട്രാൻസ്‍ലേറ്റ് ചെയ്യാത്ത യഥാർത്ഥ റീൽ മാറ്റമില്ലാതെ തുടരും. കൂടാതെ, ക്രിയേറ്റേഴ്‌സിന് ഭാഷ അനുസരിച്ച് കാഴ്‌ചകൾ കാണിക്കുന്ന ഒരു പുതിയ ഇൻസൈറ്റ് മെട്രിക് ആക്‌സസ് ചെയ്യാനും കഴിയും. കൂടുതൽ ഭാഷകൾ ലഭ്യമാകുമ്പോൾ, ട്രാൻസിലേഷനുകൾ അവരുടെ പ്രേക്ഷകരെ എങ്ങനെ വർധിപ്പിക്കുന്നുവെന്ന് മനസിലാക്കാൻ ഇതവരെ സഹായിക്കും. അതേസമയം കാഴ്‌ചക്കാർക്ക് അവരുടെ ഇഷ്‍ട ഭാഷയിൽ ട്രാൻസ്‍ലേറ്റ് ചെയ്ത റീലുകൾ കാണാനും മെറ്റ എഐ ആണ് വിവർത്തനം ചെയ്‌തതെന്ന് അറിയിക്കാനും കഴിയും. മെനുവിലെ ഓഡിയോ, ലാംഗ്വേജ് സെറ്റിംഗ്‍സുകൾ വഴി ചില ഭാഷകൾക്കുള്ള വിവർത്തനം പ്രവർത്തനരഹിതമാക്കാനും സാധിക്കും.
മികച്ച ഔട്ട്‌പുട്ടിനായി ഫേസ്ബുക്ക് ഉപഭോക്താവ് ഇനിപ്പറയുന്ന രീതികൾ മെറ്റ ശുപാർശ ചെയ്‌തിട്ടുണ്ട്:
1. ക്രിയേറ്റേഴ്‌സ് മുഖം കാണുന്ന വീഡിയോകൾ ചിത്രീകരിക്കണമെന്നും വ്യക്തമായി സംസാരിക്കണമെന്നും വായ മൂടുന്നത് ഒഴിവാക്കണമെന്നും മെറ്റ നിർദ്ദേശിച്ചിട്ടുണ്ട്
2. ഫേസ്ബുക്കിൽ, ഈ ടൂളിന് രണ്ടുപേരെ വരെ വിവർത്തനം ചെയ്യാൻ കഴിയും. ഒന്നിൽ കൂടുതൽ പേർ സംസാരിക്കുന്നുണ്ടെങ്കിൽ കൃത്യത ഉറപ്പാക്കാൻ അവർ പരസ്‍പരം സംസാരിക്കുന്നത് ഒഴിവാക്കണം.
3. വിവർത്തനങ്ങൾ ഉപയോഗിക്കുമ്പോൾ ക്രിയേറ്റേഴ്‌സ് പശ്ചാത്തല ശബ്‍ദമോ സംഗീതമോ കുറയ്ക്കണം. സ്ഥിരതയാണ് പ്രധാനമെന്നും ഒരു പുതിയ ഭാഷയിൽ പുതിയ പ്രേക്ഷകരെ സൃഷ്‍ടിക്കുകയാണെന്ന് ക്രിയേറ്റേഴ്‌സ് ഓർക്കണമെന്നും മെറ്റ വ്യക്തമാക്കുന്നു. നിങ്ങളെയും നിങ്ങളുടെ ഉള്ളടക്കത്തെയും അറിയാൻ അവർക്ക് സമയം നൽകണമെന്നും കമ്പനി പറയുന്നു.
ഒരേ ഭാഷ സംസാരിക്കാത്ത എന്നാൽ മികച്ച പ്രേക്ഷകരുള്ള നിരവധി ക്രിയേറ്റേഴ്‌സ് ലോകത്തുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മറ്റ് ഭാഷകൾ സംസാരിക്കുന്ന, സാംസ്‍കാരികവും ഭാഷാപരവുമായ തടസങ്ങൾ മറികടക്കുന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും ഫോളോവേഴ്‌സിനെ വർധിപ്പിക്കാനും ഇൻസ്റ്റഗ്രാമിൽ നിന്നും കൂടുതൽ മൂല്യം നേടാനും കമ്പനിക്ക് ക്രിയേറ്റേഴ്‌സിനെ മികച്ച രീതിയിൽ സഹായിക്കാൻ കഴിയുമെന്നും അദേഹം വ്യക്തമാക്കി.