രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ ഒന്ന് മുതല്‍ നിർത്തലാക്കുന്നുവെന്ന വാർത്തകള്‍ക്ക് വ്യക്തത നല്‍കി തപാല്‍ വകുപ്പ്.തപാല്‍ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള തപാല്‍ വകുപ്പിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് വകുപ്പ് വിശദീകരണം നല്‍കി.
"രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നില്ല. ഇന്ത്യ പോസ്റ്റ് ഈ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിച്ച് നവീകരിക്കുകയാണ് ചെയ്തത്, ഇല്ലാതാക്കുകയല്ല."സോഷ്യല്‍ മീഡിയയില്‍ വിഷയത്തെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് തപാല്‍ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
പുതിയ സംവിധാനത്തില്‍, ഉപഭോക്താക്കള്‍ക്ക് രജിസ്റ്റേർഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയോടും കൂടി ആസ്വദിക്കാൻ സാധിക്കും. ഇതിനായി തപാല്‍ വകുപ്പ് സേവനങ്ങള്‍ നവീകരിക്കുകയും സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.