'മറ്റൊരു സത്രീയുമായി ബന്ധം, ചോദ്യം ചെയ്തപ്പോൾ ഭീഷണി, ഒടുവിൽ ജീവനൊടുക്കി'; കൈമനത്ത് ആൺസുഹൃത്ത് പിടിയിൽ

10:34 AM May 17, 2025 |


തിരുവനന്തപുരം: കൈമനത്ത് സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കൈമനം സ്വദേശി സനോജ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഷീജയെ സനോജ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സനോജ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായത് ഷീജ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭീഷണി ആരംഭിച്ചത്.

ഇതിൽ മനംമടുത്താണ് ഷീജ സനോജിന്റെ വീടിനു സമീപത്തെത്തി തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷീജ തന്റെ സുഹൃത്തായ സജിക്കൊപ്പമായിരുന്നു താമസിച്ചുവരുന്നതെന്നും പിന്നീട് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സുഹൃത്തിനൊപ്പം ഷീജ താമസിക്കുന്നതിൽ ബന്ധുക്കൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും, ഷീജയെ രണ്ടുദിവസത്തിന് മുൻപാണ് അവസാനമായി കണ്ടതെന്നും ബന്ധു സുരേഷ് വ്യക്തമാക്കിയിരുന്നു.