ഒന്നു റിലാക്‌സ്ഡ് ആവാന്‍ ഏറ്റവും നല്ലൊരു മാര്‍ഗം പറഞ്ഞുതരാം. നിരവധി നാഡികള്‍ സംഗമിക്കുന്ന ഭാഗമാണ് നമ്മുടെ പാദം. പാദത്തിന് നല്‍കുന്ന പരിചരണം ശരീരത്തിന്റെ പല അവയവങ്ങളെയും ഭാഗങ്ങളെയും നല്ലരീതിയില്‍ സ്വാധീനിക്കും.
തിരക്കുപിടിച്ച ദിവസത്തിനൊടുവില്‍ പാദങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് ശരീരം മൊത്തത്തില്‍ റിലാക്‌സ് ആക്കും. മനസുവച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. ചെറിയ ചില മാറ്റങ്ങള്‍ നമ്മുടെ ശീലങ്ങളിലുണ്ടായാല്‍ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും ഗുണങ്ങള്‍ ഇരട്ടിയാണ്.
പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ കുറച്ച് ഇന്തുപ്പു കൂടി ചേര്‍ക്കുന്നത് പേശികള്‍ക്ക് നല്ല ആശ്വാസമായിരിക്കും. ഇത് പേശികളെ വിശ്രമിക്കാനും വീക്കം കുറയ്ക്കാനും ചെറിയ വേദനകളെ അകറ്റാനും സഹായിക്കും. ഇന്തുപ്പില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ചര്‍മത്തെ മൃദുവാക്കും. ഇനി ലാവെന്‍ഡര്‍ ഓയിലാണ് ചേര്‍ക്കുന്നതെങ്കില്‍ മാനസികാവസ്ഥയില്‍ മാറ്റം വരും.
ആന്റിഫംഗള്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയിലും ബെസ്റ്റ് ചോയിസാണ്. ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് പാദങ്ങള്‍ മുക്കി വെയ്ക്കുന്ന വെള്ളത്തിന്റെ താപനിലയാണ്. ചൂട് കൂടിയാല്‍ ചര്‍മത്തെ അത് ബാധിക്കും. എന്നാല്‍ ഒരുപാട് തണുക്കാനും പാടില്ല. 37-40 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണെങ്കില്‍ രക്തയോട്ടം വര്‍ധിക്കാനും പേശികള്‍ റിലാക്‌സ്ഡ് ആകാനും ഇടയാകും.