'മതമാണ് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള ഏക മാനദണ്ഡം'; ചര്‍ച്ചയായതോടെ പോസ്റ്റ് മുക്കി ഐ മൂസ

12:47 PM Oct 19, 2025 |


കെപിസിസി പുനഃസംഘടനയില്‍ അതൃപ്തിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മതംനോക്കി മാറ്റിനിര്‍ത്തിയെന്നാണ് കെപിസിസി മുന്‍ സെക്രട്ടറി അഡ്വ. ഐ മൂസയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ കഴിവിനേക്കാള്‍ മതമാണ് മാനദണ്ഡമെന്ന് ഐ മൂസ ഫേസ്ബുക്കില്‍ കുറിച്ചു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.' ഒരു വ്യക്തി എത്രത്തോളം അര്‍ഹതയുള്ളവനായാലും മതമാണ് അയോഗ്യതകല്‍പ്പിക്കുന്നതിനുള്ള ഏക മാനദണ്ഡം' എന്നായിരുന്നു കുറിപ്പ്.

നേതാക്കള്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ക്കും പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൂസയുടെ പോസ്റ്റ്. വടകരയിലെ കോണ്‍ഗ്രസ് മുഖമായ ഐ മൂസ ജനറല്‍ സെക്രട്ടറി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജംബോ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തഴയപ്പെട്ടു.

കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍, കെ സുധാകരന്‍, വി ഡി സതീശന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും അതൃപ്തിയിലാണ്.