താമരശ്ശേരി: കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മതപീഡനത്തിൽ രാജ്യത്ത് നൂറിരട്ടി വർധനയുണ്ടായെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ. താമരശ്ശേരിയിൽ വനംവകുപ്പ് ഓഫിസിലേക്ക് കത്തോലിക്കാ കോൺഗ്രസ് നടത്തിയ സാരിവേലി സമര പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾ രാജ്യം വിട്ടുപോകണമെന്നാണോ ആക്രമികളുടെ ഉള്ളിലിരുപ്പെന്ന് ബിഷപ് ചോദിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് ആക്രമണങ്ങൾ വർധിക്കുകയാണ്. ഒഡിഷയിലെ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്തു നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേനടപടിതന്നെ ക്രൈസ്തവരെ ആക്രമിക്കുന്നവർക്കെതിരെയും ഉണ്ടാവണം. മതംമാറ്റം എന്ന പേരിൽ നിയമം കൊണ്ടുവന്ന് ക്രൈസ്തവലോകത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ് ആരോപിച്ചു.