ന്യൂഡല്‍ഹി: ആദ്യ മാസത്തെ ശമ്പളം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ രാജിവെച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ എച്ച്ആര്‍ പ്രൊഫഷണലായ പ്രിയവര്‍ഷിണി എം തന്റെ ലിങ്ക്ഡിന്‍ പേജില്‍ പങ്കുവെച്ച അനുഭവമാണ് തൊഴില്‍രംഗത്തെ നൈതിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കമ്പനികളുടെ നിക്ഷേപങ്ങളും ജീവനക്കാരുടെ അവകാശങ്ങളും തമ്മിലുള്ള സന്തുലനം എത്രമാത്രം പ്രധാനമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.
പ്രിയവര്‍ഷിണി തന്റെ പോസ്റ്റില്‍ വിവരിച്ചത് പുതിയൊരു ജീവനക്കാരന്റെ അപ്രതീക്ഷിത നീക്കമാണ്. രാവിലെ 10 മണിക്ക് ശമ്പളം അക്കൗണ്ടിലെത്തിയതിന് പിന്നാലെ, 10:05-ന് രാജി ഇമെയില്‍ അയച്ചു. കമ്പനി ഈ ജീവനക്കാരനെ വിശ്വസിച്ചു, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കി. എന്നാല്‍, ആദ്യ ശമ്പളം കിട്ടിയ ഉടനെ രാജിവെച്ചത് ന്യായമാണോയെന്നാണ് എച്ച്ആര്‍ ചോദിക്കുന്നത്. ജീവനക്കാരനെ ട്രെയിന്‍ ചെയ്യാന്‍ ആഴ്ചകളോളം സമയം ചെലവഴിച്ചു. ഓണ്‍ബോര്‍ഡിങ് പ്രക്രിയയ്ക്കായി എച്ച്ആര്‍ ടീം മണിക്കൂറുകള്‍ മാറ്റിവെച്ചു. പെട്ടെന്നുള്ള ഇത്തരം രാജിവെക്കല്‍ ഉത്തരവാദിത്തബോധത്തിന്റെയും പക്വതയുടെയും അഭാവം വെളിവാക്കുന്നുവെന്നും പ്രിയവര്‍ഷിണി അഭിപ്രായപ്പെടുന്നു.
തൊഴില്‍ നൈതികതയെക്കുറിച്ചുള്ള ചര്‍ച്ചയാണ് പോസ്റ്റിന്റെ പ്രധാന ഭാഗം. ജോബ് അനുയോജ്യമല്ലെങ്കില്‍ തുറന്ന് സംസാരിക്കാമായിരുന്നു, മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നാണ് എച്ച്ആര്‍ നിര്‍ദേശിക്കുന്നത്. ഇത്തരം നടപടികള്‍ കമ്പനികളുടെ വിശ്വാസത്തെ തകര്‍ക്കുമെന്നും, ഭാവിയിലെ ജീവനക്കാരുടെ അവസരങ്ങള്‍ക്ക് തടസ്സമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതികരണവുമായെത്തി.