പാലക്കാട് റെസ്റ്റൊറൻറിലെത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയവർ മർദിച്ച സംഭവം ; പ്രതികൾ അറസ്റ്റിൽ

06:05 PM Jul 07, 2025 |


പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റെസ്റ്റൊറൻറിലുണ്ടായ അടിപിടിയിൽ രണ്ടംഗ സംഘം അറസ്റ്റിൽ. കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയവരെ മദ്യലഹരിയിൽ എത്തിയവർ മർദിച്ചെന്നാണ് പരാതി. ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 8.30നാണ് സംഭവം.

അബ്ദുൽ നിസാറും കുടുംബവും റെസ്റ്റൊറൻറിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഈ സമയം ഇവിടെയെത്തിയ പ്രതികൾ നിസാറിൻറെ കുട്ടികളോട് വെള്ളം എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും മദ്യപിച്ചെത്തിയവർ അബ്ദുൽ നിസാറിനെ കസേരകൊണ്ടടക്കം അടിക്കുകയുമായിരുന്നു. തടയാനെത്തിയ ഭാര്യക്കും മർദനമേറ്റു.

അടിപിടിയറിഞ്ഞ് സ്ഥലത്തെത്തിയ ഒറ്റപ്പാലം എസ്.ഐക്ക് നേരെയും കൈയേറ്റമുണ്ടായി. എസ്.ഐയെ ആക്രമിച്ചതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.