ആഗോളതലത്തിൽ 235 കോടി നേട്ടവുമായി റെട്രോ

07:57 PM May 19, 2025 | Kavya Ramachandran

സൂര്യ നായകനായി എത്തിയ റെട്രോ തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും കളക്ഷനിൽ ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിനിമയുടെ ആഗോള കളക്ഷൻ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഈ ബോക്‌സ് ഓഫീസ് നേട്ടം നിർമാതാക്കൾ അറിയിച്ചത്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എൻ്റർടെയ്ൻമെൻറ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട പ്രേക്ഷകരെ, സ്‌നേഹം നിറഞ്ഞ ആരാധകരെ. The One ന് നിങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും മുൻപിൽ ഞങ്ങൾ തല കുനിക്കുകയാണ്. ഈ വിജയത്തിന് ഒരുപാട് നന്ദി, കാരണം ഇതിനെല്ലാം കാരണം നിങ്ങളാണ്,' നിർമാതാക്കൾ കുറിച്ചു. നേരത്തെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 കോടി ക്ലബിലും കയറിയിരുന്നു.

സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ചിത്രം ജൂൺ അഞ്ച് മുതൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.