ഭാരം കുറയ്ക്കാൻ ചോറ് ഒഴിവാക്കിയാൽ മാത്രം പോരാ..

12:10 PM Dec 10, 2025 | AVANI MV

ഇന്ത്യക്കാർക്കുള്ള പ്രധാന ഊർജ്ജസ്രോതസ്സായ അരി ശരിയായി പാചകം ചെയ്താൽ ആരോഗ്യമുറ്റ ഭക്ഷണമാകാം. ഡയറ്റിന്റെ പേരിൽ ചോറ് പൂർണമായി ഒഴിവാക്കേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു. കാരണം, ശരിയായ രീതിയിൽ വേവിച്ചാൽ അതിലെ വൈറ്റമിനുകളും ആന്റി–ഓക്സിഡന്റുകളും നിലനിർത്താനാകും.

ധാരാളം വെള്ളത്തിൽ അരി തിളപ്പിച്ച്, വേവിച്ച ശേഷം വെള്ളം അരിച്ച് മാറ്റുന്ന രീതിയാണ് കേരളത്തിൽ കൂടുതലായുമുള്ളത്. ഇനി വെള്ളം വലിച്ചെടുക്കുന്ന രീതിയിലും ചോറുണ്ടാക്കാം. ഈ രീതിയിൽ അരി വേവിക്കുമ്പോൾ കൃത്യമായി വെള്ളം അളന്നശേഷം അരി ചേർക്കും. വെള്ളം മുഴുവൻ ആഗിരണം ചെയ്യുമ്പോഴേക്കും ചോറ് വെന്തിട്ടുണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ പോഷകങ്ങളും രുചിയും ഒട്ടും നഷ്ടപ്പെടില്ല. അരി ആവിയിൽ വേവിക്കുന്ന പതിവുണ്ടോ നിങ്ങൾക്ക്? നേരത്തെ കുതിർത്തു വച്ച അരി ആവിയിൽ വേവിക്കുന്നു. സ്റ്റാർച്ച് അധികമില്ലാതെ നല്ല മൃദുവായ ചോറ് ഇത്തരത്തിൽ വേവിക്കുമ്പോൾ ലഭിക്കുന്നു. ഇനി വളരെ പെട്ടെന്ന് അരി വേവിക്കാനുള്ള മാർഗമാണ് പ്രഷർകുക്കർ ഉപയോഗിച്ച് ചോറുണ്ടാക്കുന്നത്. സമയം ലാഭിക്കുന്ന ഈ പാചകരീതി ഒരുപാട് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ടെക്സ്ചർ നിലനിർത്താനും ഈ രീതി ഉപകരിക്കും. 

ശരിയായ രീതിയിൽ അരി വേവിക്കുന്നതിന്റെ ഒരു വിഡിയോ മുംബെയിലെ ന്യൂട്രീഷനിസ്റ്റായ അമിത ഗദ്‌രെ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. വെള്ളത്തിൽ അരി വേവിച്ചശേഷം വെള്ളം അരിച്ചു മാറ്റുന്ന രീതിയെക്കുറിച്ചും വെള്ളം അളന്ന് ചേർത്ത് അരി വേവുന്നതോടൊപ്പം വെള്ളം ആഗിരണം ചെയ്യുന്ന മാർഗത്തെക്കുറിച്ചും പറയുന്നു. എന്നാൽ ആഴ്സെനിക്കിന്റെ അളവ് കുറച്ച് അരി വേവിക്കാൻ ‘പാർ ബോയിലിങ്ങ് ആൻഡ് റിഫ്രഷിങ്ങ് വാട്ടർ മെതേഡ്’ ആണ് മികച്ചതെന്ന് അമിത ഗദ്‌രെ ചൂണ്ടിക്കാട്ടി. ധാരാളം വെള്ളമൊഴിച്ച് അരി പാതി വേവിക്കുന്നു. ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും പുതിയ വെള്ളം ഒഴിച്ച് വേവിക്കുകയും വെള്ളം അരിച്ചു മാറ്റുകയും ചെയ്യുന്ന പാചകരീതിയാണിത്.  മറ്റൊരു മാർഗം വേവിച്ച ചോറ് റഫ്രിജറേറ്ററിൽ ഒരു രാത്രി സൂക്ഷിക്കുക. ഇത് ചോറിലെ റസിസ്റ്റന്റ് സ്റ്റാർച്ച് വർധിപ്പിക്കുന്നു. ഈ രണ്ട് മാർഗങ്ങളിലേതെങ്കിലും ഉപയോഗിക്കുന്നത് വഴി 15 മുതൽ 20 ശതമാനം വരെ കാലറി മാത്രം കുറയ്ക്കാൻ സാധിക്കുന്നു. റസിസ്റ്റന്റ് സ്റ്റാർച്ചിനെ ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയാത്തതുകൊണ്ടാണിത്. 

ഗ്ലൂട്ടൻ ഫ്രീയും ദഹിക്കാൻ എളുപ്പമുള്ളതുമായ ചോറ്, ഗ്ലൂട്ടൻ ഇൻടോളറൻസ് ഉള്ളവർക്ക് യോജിച്ചതാണ്. ഓരോ ഇനമനുസരിച്ച് പ്രധാനപ്പെട്ട പോഷകങ്ങളായ ബി വൈറ്റമിനുകൾ മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ചോറിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യമേകുന്നതോടൊപ്പം പേശികളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. അന്നജത്തിന്റെ മികച്ച ഉറവിടമാകയാൽ വളരെ പെട്ടെന്ന് ഊർജമേകുന്നു. അതുകൊണ്ടുതന്നെ മിക്ക ഡയറ്റിന്റെയും ഭാഗമാണ് ചോറ്. ബ്രൗൺ റൈസ്, റെഡ് റൈസ് തുടങ്ങിയ മുഴുധാന്യ അരികളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഹൃദയാരോഗ്യവും ഏകുന്നു. ദഹിക്കാൻ എളുപ്പമായതിനാൽ ചോറിനൊപ്പം പച്ചക്കറികളും പ്രോട്ടീനും പയർവർഗങ്ങളും കഴിക്കാം. പ്രമേഹരോഗികൾക്ക് അത്ര നല്ലതല്ലാത്തതിനാൽ മിതമായ അളവിൽ ചോറ് കഴിക്കുന്നതാണ് നല്ലത്. ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയതിനാൽ കഞ്ഞിവെള്ളവും അരിയുടെ തവിടും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചോറിൽ ബി വൈറ്റമിനുകളും അയൺ, സിങ്ക് എന്നിവയും ഉണ്ട്. ഇവ ഉപാപചയപ്രവർത്തനവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കും. 

പാതി വേവിക്കുന്ന രീതി ഉപയോഗിക്കുമ്പോൾ

വിദഗ്ധരുയുടെ അഭിപ്രായത്തിൽ അരി പാതി വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞശേഷം വീണ്ടും പുതിയ വെള്ളം ചേർത്ത് അരി വേവിച്ചു മാറ്റുന്ന മാർഗമാണ് നല്ലത്. ഇത് ആഴ്സെനിക്കിന്റെ അളവ് 50 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നു. ഭൂഗർഭജലത്തിലടങ്ങിയ ആഴ്സെനിക് മിക്ക വിളകളിലും ഉണ്ട്. എന്നാൽ അരിയിൽ ഇത് വളരെവേഗം അടിഞ്ഞുകൂടുമെന്നത് ആശങ്ക ജനിപ്പിക്കുന്നു.