+

ടൈംഔട്ടിനിടെ കൊമ്പുകോര്‍ത്ത് പരാഗും ദേശ്പാണ്ഡെയും, പിടിച്ചുമാറ്റി ബോണ്ട്, വൈറലായി വീഡിയോ, റോയല്‍സ് ടീമില്‍ പാളയത്തില്‍ പട

ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ റിയാന്‍ പരാഗും തുഷാര്‍ ദേശ്പാണ്ഡെയും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം വൈറലായി.

ന്യൂഡല്‍ഹി: ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ റിയാന്‍ പരാഗും തുഷാര്‍ ദേശ്പാണ്ഡെയും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം വൈറലായി.

സഞ്ജു സാംസണിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആയിരുന്നു ടീമിനെ നയിച്ചത്. തുഷാര്‍ ദേശ്പാണ്ഡെക്ക് പകരം യുധ്‌വീര്‍ സിംഗും മത്സരത്തിനിറങ്ങി.

ഗുജറാത്ത് ബാറ്റ് ചെയ്യുന്ന സമയത്ത്, സ്ട്രാറ്റജിക് ടൈംഔട്ടിനിടയിലാണ് ഇരുവരും തര്‍ക്കം നടന്നത്. വൈറലായ ഒരു വീഡിയോയില്‍, റിയാന്‍ പരാഗ് ദേഷ്യത്തോടെ തുഷാര്‍ ദേശ്പാണ്ഡെയ്‌ക്കെതിരെ വിരല്‍ ചൂണ്ടുന്നതുകാണാം. ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട് ഇടപെട്ട് ദേശ്പാണ്ഡെയെ മാറ്റിനിര്‍ത്തി സ്ഥിതി ശാന്തമാക്കി.

വീഡിയോയില്‍, പരാഗ് തന്റെ അതൃപ്തി ദേശ്പാണ്ഡെക്ക് നേരെ തുറന്നുപ്രകടിപ്പിക്കുന്നതായി കാണാം. നേരത്തെയുണ്ടായ ഏതെങ്കിലും സംഭാഷണത്തിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിലായിരിക്കാം ഇരുവരും ഉടക്കിയതെന്നാണ് സൂചന.

2023, 2024ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ടോപ്പ് വിക്കറ്റ് ടേക്കറായ ദേശ്പാണ്ഡെയ്ക്ക് ഇത്തവണ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. പകരക്കാരനായെത്തിയ യുധ് വീറും നിറംമങ്ങിയത് ചൂണ്ടിക്കാട്ടിയതാകാം പരാഗിനെ പ്രകോപിച്ചതെന്ന് കരുതുന്നു.

സീസണില്‍ 10 കളികളില്‍ നിന്നും മൂന്ന് വിജയം മാത്രമുള്ള റോയല്‍സ് എട്ടാം സ്ഥാനത്താണ്. ഗുജറാത്തിനെതിരായ മത്സരത്തില്‍ വൈഭവ് സൂര്യവംശി സെഞ്ച്വറി നേടി ടീമിനെ ജയിപ്പിച്ചതാണ് ആശ്വാസമായത്. പ്ലേ ഓഫില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ ടീം ഇനി പരമാവധി ജയം നേടാനാകും ശ്രമിക്കുക.

facebook twitter