+

'നിങ്ങളുടെ സർക്കാറിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ' ; റിയാസിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിന്റെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിന്റെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ' -എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കയറിയിരുന്നതിനെ പരിഹസിച്ചാണ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന അടിക്കുറിപ്പോടെ ഉദ്ഘാന സദസിൽ മന്ത്രി കെ.എൻ ബാലഗോപാലിനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒപ്പമുള്ള ചിത്രമാണ് റിയാസ് പങ്കുവെച്ചത്.

ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് ഇരിക്കുന്നത് നിങ്ങളുടെ കൺവീനർ തന്നെയല്ലേ എന്ന് പരിഹസിച്ചത്.

സംസ്ഥാന സർക്കാർ നൽകിയ ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേര് കൂട്ടിചേർക്കുകയായിരുന്നു.

വിളമ്പുന്നവന് നാണമില്ലെങ്കിൽ കഴിക്കുന്നവന് നാണം വേണമെന്നും സംസ്ഥാന ധനമന്ത്രി ഉൾപ്പെടെ താഴെ ഇരിക്കുമ്പോഴാണ് ബി.ജെ.പി അധ്യക്ഷൻ നേരത്തെ തന്നെ വേദിയിൽ കയറി ഇരിക്കുന്നതെന്നും റിയാസ് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.

facebook twitter