പട്ന: ബിഹാറിൽ 143 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആർ.ജെ.ഡി. ഇതിൽ അഞ്ചിടത്ത് മത്സരം ഇൻഡ്യ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ്. അന്തിമഘട്ട പത്രിക സമപ്പണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴാണ് പട്ടിക പുറത്തുവിട്ടത്.
വൈശാലി, ലാൽഗഞ്ച്, കഹാൽഗാവോൺ എന്നിവടങ്ങളിൽ കോൺഗ്രസിനെതിരെയും താരാപൂർ, ഗൗര ബോറം എന്നിവിടങ്ങളിൽ വികാസ്ശീൽ ഇൻസാൻ പാർട്ടിക്കെതിരെയുമാണ് സ്വന്തം സ്ഥാനാർഥികളെ നിർത്തിയത്. തേജസ്വി യാദവ് (രഘോപുർ), അലോക് മേത്ത (ഉജിയാർപുർ), മുകേഷ് റൗഷൻ (മഹുവ), അഖ്താരുൽ ഇസ്ലാം ഷഹീൻ (സമസ്തിപൂർ) തുടങ്ങിയ പ്രമുഖരാണ് പട്ടികയിൽ.
21 പേർ വനിതകളാണ്. ലാലു പ്രസാദ് യാദവിന്റെ അടുത്ത സഹായി ഭോല യാദവ് ബഹദൂർപുരിൽ ജനവിധി തേടും. മുൻ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ മധേപുരയിൽ മത്സരിക്കും. ആർ.ജെ.ഡിക്ക് അധികാരമെന്നാൽ അഴിമതി എന്നാണ് എതിരാളികളുടെ ആക്ഷേപം. ആ ചീത്തപ്പേര് മാറ്റാനുള്ള ‘ഇമേജ് മെയ്ക്കോവർ’ യജ്ഞത്തിലാണ് ആർ.ജെ.ഡി എന്നാണ് റിപ്പോർട്ട്.