നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണൂർ

11:32 AM Jul 12, 2025 |


വധശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍.നിമിഷയുടെ മോചനത്തിനായി ഒരു യമന്‍ പൗരന്‍ മുഖേന മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂര്‍ ബന്ധപ്പെട്ടിരുന്നു. ദയാധനം സ്വീകരിക്കാനുള്ള സന്നദ്ധത കുടുംബം അറിയിച്ചുവെന്നാണ് ബോബി ചെമ്മണ്ണൂരിനോട് യമന്‍ പൗരന്‍ അറിയിച്ചത്.

കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം എട്ട് കോടിയോളം രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നിമിഷയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. മോചന നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സന്‍ആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നാണ് വിവരം. 2017 ജൂലായിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. തൊട്ടടുത്ത മാസം തന്നെ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.