മോസ്കോ: സ്കൂൾ വിദ്യാർഥിനകൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് റഷ്യ. രാജ്യത്തെ പത്ത് പ്രവിശ്യകളിലാണ് പുതിയ നയം കൊണ്ടുവരുന്നത്. ജനസംഖ്യ വർധനവിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ ചില പ്രവിശ്യകളുടെ വിചിത്രനീക്കം.
റഷ്യയിൽ ജനനിരക്ക് വൻതോതിൽ കുറയുന്നതിനിടെയാണ് പ്രവിശ്യകളുടെ നീക്കം. ഗർഭിണികളായ സ്ത്രീകൾക്ക് പണം നൽകുന്ന പദ്ധതി റഷ്യ തുടങ്ങിയിരുന്നു. എന്നാൽ, പ്രായപൂർത്തിയായവർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സ്കൂൾ വിദ്യാർഥികൾക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
2023ൽ ഒരു സ്ത്രീക്ക് 1.41 ആണ് റഷ്യയിലെ ജനനിരക്ക്. നേരത്തെ 2.05 ഉണ്ടായിരുന്ന സ്ഥാനത്താണിത്. അതേസമയം, കൗമാരക്കാരികൾക്കിടയിലെ ഗർഭധാരണത്തെ കുറിച്ച നടത്തിയ ഒരു സർവേയുടെ ഫലവും പുറത്ത് വന്നിട്ടുണ്ട്. റഷ്യ പബ്ലിക് ഒപ്പിനിയൻ റിസർച്ച് സെന്ററാണ് സർവേ നടത്തിയത്.
ഇതിൽ 43 ശതമാനം പേർ റഷ്യയുടെ പുതിയ നയത്തെ പിന്തുണച്ചപ്പോൾ 40 ശതമാനം പേർ എതിർത്തു. ഇത് ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് നയത്തെ എതിർക്കുന്നവരുടെ വാദം. എന്നാൽ, വരും വർഷങ്ങളിൽ കടുത്ത ജനസംഖ്യ പ്രതിസന്ധി റഷ്യ നേരിടുമെന്നാണ് റിപ്പോർട്ട്.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ രണ്ടരലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൂട്ടൽ. ഇതിന് പുറമേ യുവാക്കളായ റഷ്യക്കാർ നാടുവിടുന്നതും പ്രതിസന്ധി ശക്തമാക്കുന്നുണ്ട്. സ്റ്റാലിൻ ഭരിക്കുമ്പോൾ ചെയ്തത് പോലെ പത്തിലേറെ കുട്ടികളുള്ളവർക്ക് മെഡൽ നൽകാനും റഷ്യക്ക് പദ്ധതിയുണ്ട്. ഗർഭഛിദ്രത്തിന് കടുത്ത നടപടികൾ സ്വീകരിക്കാനും റഷ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, 2050 ആകുമ്പോഴേക്കും ലോകത്തെ 75 ശതമാനം രാജ്യങ്ങളും ജനസംഖ്യ പ്രതിസന്ധി അഭിമുഖീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇത് മുന്നിൽകണ്ടാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് 5,000 ഡോർ നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.