ഇന്ത്യ-റഷ്യ ബന്ധം തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് റഷ്യ

03:50 PM Sep 15, 2025 |


മോസ്‌കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ തകർക്കാനുള്ള ഒരുശ്രമവും നടപ്പാകില്ലെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. ഇന്ത്യയുമായുള്ള ബന്ധം കാലങ്ങളായി തുടരുന്നതാണെന്നും സുസ്ഥിരമായി മുന്നോട്ടുപോകുന്നതാണെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സുസ്ഥിരവും ആത്മവിശ്വാസത്തോടെ മുന്നേറുന്നതുമാണ് ഇന്ത്യയും റഷ്യയുമായുള്ള ബന്ധം, അതിനെ തകർക്കാനുള്ള ഏതൊരു നടപടിയും പരാജയപ്പെടും, സർക്കാർ മാധ്യമമായ റഷ്യൻ ടൈംസിലൂടെ (ആർടി) വിദശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

അധികതീരുവ ചുമത്തിയിട്ടും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയ്ക്കുമേൽ യുഎസ് തീരുവയ്ക്ക് സമാനമായ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ മറ്റു രാജ്യങ്ങളുടെമേൽ ട്രംപ് സമ്മർദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ യുഎസിൽനിന്നും മറ്റു നാറ്റോ രാജ്യങ്ങളിൽനിന്നും സമ്മർദ്ദമേറിയിട്ടും അതിനെതിരെ ഉറപ്പോടെ നിലകൊള്ളുന്നതിലും ഭീഷണികൾക്ക് വഴങ്ങാതെ പ്രതിജ്ഞാബദ്ധമായി തുടരുന്നതിലും ഇന്ത്യയെ റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. ബാഹ്യ ഭീഷണികളുടെയും വിമർശനങ്ങളുടെയും മുന്നിൽപ്പോലും റഷ്യയുമായുള്ള പങ്കാളിത്തത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രാലയം എടുത്തുപറഞ്ഞു. ഇതിൽനിന്ന് വ്യത്യസ്തമായൊന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഈ സമീപനം 'ദീർഘകാലമായുള്ള റഷ്യ-ഇന്ത്യ സൗഹൃദത്തിന്റെ ചൈതന്യത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും അന്താരാഷ്ട്ര കാര്യങ്ങളിലെ തന്ത്രപരമായ സ്വയംഭരണാവകാശത്തെ ഇത് പ്രതിനിധീകരിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.