മോസ്‌കോ: ഉപാധികളില്ലാതെ യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അമേരിക്കൻ പ്രതിനിധിയോട് വ്യക്തമാക്കിയതായി ക്രെംലിൻ. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് പുടിൻ നിലപാട് അറിയിച്ചതായി റഷ്യ അറിയിച്ചു. ഉപാധികളില്ലാതെ യുക്രെയ്‌നുമായി ചർച്ചയ്ക്ക് തയ്യാറാണ്. ഇത് നേരത്തെ തന്നെ പറഞ്ഞതാണെന്നും ഇപ്പോൾ ഒന്നുകൂടി ആവർത്തിക്കുകയാണെന്നും പുടിൻ പറഞ്ഞതായി റഷ്യയുടെ വിദേശകാര്യ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിൻ തൻ്റെ നിലപാട് അറിയിച്ചത്. ചർച്ചകൾക്ക് ശേഷം ട്രംപിന്റെ ട്യൂത്ത് സോഷ്യൽ കുറിപ്പും ചർച്ചയായി. പുടിന്റെ വിഷയം മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം എന്ന് അദ്ദേഹം കുറിച്ചു.