+

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതിയില്ലെങ്കില്‍ മധ്യസ്ഥത ഉപേക്ഷിക്കും ; ട്രംപ്

വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്‌കോയില്‍ നിന്നും കൈവില്‍ നിന്നുമുള്ള ചര്‍ച്ചകളിന്മേല്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ വാഷിംഗ്ടണില്‍ നിന്നുമുള്ള മധ്യസ്ഥത ഉപേക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനം സാധ്യമല്ലെങ്കില്‍ അമേരിക്ക ചര്‍ച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പാരീസില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 

വെടിനിര്‍ത്തലിനായി ട്രംപ് ഇരുപക്ഷത്തെയും സമീപിച്ച് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഇതിന് വഴങ്ങാതെ മാറി നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ദിവസക്കണക്കൊന്നുമില്ലെന്നും, ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക ഇടപെടുന്നത് ഉടന്‍ നിര്‍ത്തുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേ സമയം പുടിനെയോ സെലന്‍സ്‌കിയെയോ കുറ്റപ്പെടുത്താതെ മുന്നോട്ട് പോകുക എന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

facebook twitter