പോളണ്ട് അതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ; റെഡ് അലർട്ട്!

10:15 AM Sep 11, 2025 | Kavya Ramachandran


ഇസ്രയേലിൻറെ ഖത്തർ ആക്രമണത്തിൻറെ ചൂട് അവസാനിക്കും മുമ്പ് പോളണ്ട് അതിർത്തി കടന്നെത്തി റഷ്യയുടെ ഡ്രോണുകൾ. ഇതോടെ യൂറോപ്പ് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമായി. ആഴ്ചകൾക്ക് മുമ്പാണ് 2026 ആകുമ്പോഴേക്കും ആശുപത്രികളോട് യുദ്ധത്തിനായി സ‍ജ്ജരാകാൻ ഫ്രാൻസും ജർമ്മനിയും ആവശ്യപ്പെട്ടത്. 

ഒരു റഷ്യൻ ആക്രമണം ഉണ്ടാവുകയാണെങ്കിൽ ഫ്രാൻസും ജർമ്മനിയുമാകും യൂറോപ്പിലെ പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കേണ്ടി വരിക എന്ന ആശയത്തിൽ നിന്നാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടെ റഷ്യൻ ഡ്രോണുകൾ നാറ്റോ അതിർത്തി കടന്നെത്തിയത് യൂറോപ്പിലെമ്പാടും വലിയ ആശങ്കയാണ് ഉയർത്തിയത്.

2014 -ൽ ക്രിമിയ പിടിച്ചെടുത്ത ശേഷം 2022 ഫെബ്രുവരി 24 -നാണ് റഷ്യ, യുക്രൈൻ വീണ്ടും അക്രമിച്ചത്. രണ്ടാമത്തെ ആക്രമണത്തിന് കാരണം യുക്രൈയ്ൻറെ നാറ്റോ സഖ്യ ശ്രമമാണ്. എന്നാൽ, യുക്രൈയ്ൻ അക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് റഷ്യ ഒരു നാറ്റോ രാജ്യത്തിർത്തിക്ക് അപ്പുറത്തേക്ക് ആയുധം പ്രയോഗിക്കുന്നത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളെ അക്രമിച്ചാൽ ശക്തമായ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക എന്ന നാറ്റോയുടെ പ്രഖ്യാപിത നയം മറ്റൊരു ലോകമഹായുദ്ധത്തിന് നാന്നികുറിക്കുമോ എന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ സംജാതമായിരിക്കുന്നത്. റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 19 തവണ അതിർത്തി കടന്ന റഷ്യൻ ഡ്രോണുകളെ വെടിവച്ചിട്ടെന്നും പോളണ്ട് അറിയിച്ചു.

തങ്ങളുടെ പ്രദേശത്തേക്ക് പറന്ന ഡ്രോണുകൾ ദിശ തെറ്റിവന്നതല്ലെന്നും അതൊരു ബോധപൂർവ്വമായ അക്രമണമാണെന്നതിന് സംശമില്ലെന്നും പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോർസ്കി പറഞ്ഞു. 'ഇതൊരു ആകസ്മിക സംഭവമല്ല എന്നതിൽ ഞങ്ങൾക്ക് സംശയമില്ല. പോളണ്ടിൻറെ പ്രദേശത്ത് മാത്രമല്ല, നാറ്റോയുടെയും യൂറോപ്യൻ യൂണിയൻറെയും പ്രദേശത്തും ആക്രമണം നടന്നതിൻറെ കേസ് ഞങ്ങൾ കൈകാര്യം ചെയ്യുന്നു.' എന്നായിരുന്നു സിക്കോർസ്കി മാധ്യമങ്ങളോട് പറഞ്ഞത്. ഡ്രോൺ ആക്രമണം നാറ്റോയ്ക്ക് നേരെയുള്ള ഭീഷണിയാണെന്നും പോളണ്ടിന് ശക്തമായ വ്യോമ പ്രതിരോധം നൽകാൻ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് നാറ്റോ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിക്കോർസ്കി കൂട്ടിച്ചേർത്തു. 'യൂറോപ്പിലെ എല്ലാവർക്കുമുള്ള റഷ്യയുടെ റെഡ് അലേർട്ടാണിത്' എന്നായിരുന്നു സംഭവത്തെ കുറിച്ച് പോളിഷ് എംഇപി മൈക്കൽ കൊബോസ്കോ അഭിപ്രായപ്പെട്ടത്.

ഇതിന് മുമ്പും നാറ്റോ അംഗമായ പോളണ്ടിനോടൊപ്പം ലാത്വിയ, ലിത്വാനിയ, റൊമാനിയ എന്നിവയുടെ വ്യോമാതിർത്തികളും റഷ്യൻ ഡ്രോണുകളും മിസൈലുകളും നിരവധി തവണ ലംഘിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ മാസവും റഷ്യയുടെ ഒരു ഡ്രോൺ അതിർത്തി കടന്നിരുന്നെന്ന് പോളണ്ട് ആരോപിച്ചു. പക്ഷേ ഇത്തവണ അത് 19 തവണ ആവർത്തിക്കപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ സൈനിക വിമാനങ്ങളായ രണ്ട് ഗെർബെറ ഡ്രോണുകൾ ബെലാറസിൽ നിന്ന് ലിത്വാനിയയിലേക്ക് പറക്കുകയും പിന്നീട് തകർന്ന് വീഴുകയുമായിരുന്നു. ഇവയിൽ സ്ഫോടക വസ്തുക്കളുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം പോളണ്ട് തങ്ങളുടെ ആക്രമണ ലക്ഷ്യ സ്ഥാനമല്ലെന്ന് റഷ്യ പ്രതികരിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ പോളണ്ട് ഒരു ലക്ഷ്യ സ്ഥാനമല്ലെന്നും അത്തരമൊരു പദ്ധതിയില്ലെന്നുമായിരുന്നു റഷ്യ പ്രതികരിച്ചത്. ഒപ്പം ഈ വിഷയത്തിൽ പോളിഷ് പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചനകൾ നടത്താൻ തയ്യാറാണെന്നും റഷ്യൻ സൈന്യം പ്രതകരിച്ചു. അതേസമയം, റഷ്യ ഒറ്റരാത്രി 415 ആക്രമണങ്ങൾ നടത്തിയതായി യുക്രൈൻ ആരോപിച്ചു.