ന്യൂഡൽഹി : റഷ്യൻ സന്ദർശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. മേയ് ഒമ്പതിന് മോസ്കോയിൽ നടക്കുന്ന ‘വിക്ടറി പരേഡി’ൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡിൽ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്ക് പകരം ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും വിക്ടറി പരേഡിൽ പങ്കെടുക്കുക എന്നും റഷ്യ അറിയിച്ചു. 2024 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. ഈ സന്ദർശനത്തിൽ വെച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി സുപ്രധാന ചർച്ച നടത്തിയിരുന്നു. കൂടാതെ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം, 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) പുനഃസംഘടിപ്പിച്ചു.