ജൂലൈ 5ന് പുലർച്ചെ 4.18ന് ജപ്പാനിൽ സുനാമിയുണ്ടാകുമെന്ന ജാപ്പനീസ് മാംഗ ആർടിസ്റ്റ് റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല. എന്നാൽ തത്സുകിയുടെ പ്രവചനം പോലെ അപകടങ്ങൾ എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് ജപ്പാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിലൂടെ 3.9 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ജപ്പാനിലെ കോമിക് പുസ്തകരചയിതാവ് റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തിൽ 30,000 കോടിയാണ് ജപ്പാന് നഷ്ടം.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയാണ്. അങ്ങേയറ്റം സാങ്കേതികത്തികവോടെ കാര്യങ്ങളെ കാണുന്ന ജപ്പാൻ പക്ഷേ ഈ പ്രവചനത്തിൽ അടിമുടി പാളി. പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. ജപ്പാനിലെ കിഴക്കൻ മേഖലയെ കുലുക്കിയ ചലനങ്ങൾ കൂടിയെത്തിയതോടെ ഭീതികൂടി. തൽസുകിയുടെ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിൽ കോവിഡ് വ്യാപനവും 2011 ൽ ജപ്പാനിൽ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.
ജൂലൈ അഞ്ചിന് വൻസൂനാമിയെത്തുമെന്ന പ്രവചനം ജപ്പാന് വൻ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ജപ്പാനിലേക്ക് പറക്കാൻ പേടിച്ച് വിമാനങ്ങൾ സർവീസ് റദ്ദാക്കി. ജപ്പാൻ ചെറിപ്പൂക്കളുടെ പ്രഭയിൽ മുങ്ങുന്ന ഈ ടൂറിസം സീസണിൽ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ 90 ശതമാനം ഇടിവുണ്ടായി. ശാന്തമായി ഈ ദിവസം കടന്നുപോയാൽ പ്രതിസന്ധിയൊഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാൻ സർക്കാർ.