റഷ്യ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

03:35 PM Aug 14, 2025 | Neha Nair

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഓഗസ്റ്റ് 20–21 തീയതികളിൽ റഷ്യ സന്ദർശിക്കുന്നതായി റിപ്പോർട്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ തീരുമാനത്തിന്റെയും ആഗോള നയതന്ത്രത്തിലെ സംഘർഷഭരിത സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇരുരാജ്യങ്ങളും പ്രധാനപ്പെട്ട ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര വേദികളിലെ സഹകരണവും ചർച്ച ചെയ്യും.

ജൂലൈ 15-ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയുണ്ടായ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജയ്ശങ്കറും ലാവ്‌റോവും വീണ്ടും നേരിൽ കാണുന്നത്. ഇതിന് മുൻപ്, ജൂൺ അവസാനം ക്വിങ്‌ദാവോയിൽ നടന്ന എസ്‌സി‌ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നിർണായക ചർച്ചകൾ നടത്തിയിരുന്നു. അടുത്തയാഴ്ച അലാസ്കയിൽ ട്രംപും പുടിനും തമ്മിൽ നടക്കുന്ന ഉച്ചകോടിക്ക് ഇന്ത്യ തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. “ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന മോദിയുടെ സ്ഥിരമായ സന്ദേശം ആവർത്തിച്ചുകൊണ്ട്, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാതരത്തിലുമുള്ള സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.