+

വിമര്‍ശിച്ചാല്‍ വിലക്കും, ശ്രീശാന്തിനെതിരായ നടപടി കെസിഎയുടെ മാടമ്പിത്തരം, അടുത്തത് സഞ്ജു, ആരാധകര്‍ കടുത്ത പ്രതിഷേധത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) മൂന്ന് വര്‍ഷത്തേക്ക് വിലക്കിയതിനെതിരെ ആരാധകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം.

 കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) മൂന്ന് വര്‍ഷത്തേക്ക് വിലക്കിയതിനെതിരെ ആരാധകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം. ക്രിക്കറ്റ് സംഘടനയെ വിമര്‍ശിച്ചാല്‍ ഉടന്‍ വിലക്കുന്നത് കെസിഎയുടെ മാടമ്പിത്തരമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

കെസിഎയ്ക്കെതിരെ ശ്രീശാന്ത് 'തെറ്റായതും അപകീര്‍ത്തികരവുമായ' പ്രസ്താവനകള്‍ നടത്തി എന്ന കുറ്റമാണ് ആരോപിക്കുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയ കെസിഎയുടെ തീരുമാനത്തെ ശ്രീശാന്ത് പരസ്യമായി വിമര്‍ശിച്ചിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

ഒരു മലയാളം ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍, കെസിഎയുടെ മോശം ഭരണത്തെ ശ്രീശാന്ത് വിമര്‍ശിക്കുകയും സഞ്ജു സാംസണിനെയും മറ്റ് കേരള താരങ്ങളെയും പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക താരങ്ങളെ അവഗണിക്കുകയാണെന്നും ശ്രീശാന്ത് ആരോപിക്കുകയുണ്ടായി.

ഈ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കണ്ടെത്തിയ കെസിഎ, ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്നാല്‍, മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിലക്ക്. ഈ വിലക്ക് ശ്രീശാന്തിനെ കെസിഎയുടെ കീഴിലുള്ള ഏത് തരത്തിലുള്ള ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കുന്നു. കൂടാതെ, സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ, കെസിഎ നിയമനടപടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇത് ശ്രീശാന്തിന്റെ ആദ്യ വിലക്കല്ല. 2013-ല്‍ ഐപിഎല്ലില്‍ സ്പോട്ട് ഫിക്‌സിംഗില്‍ ഉള്‍പ്പെട്ടെന്നാരോപിച്ച് താരം അറസ്റ്റ് ചെയ്യപ്പെട്ടു. ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. 2019-ല്‍ സുപ്രീം കോടതി ഈ വിലക്ക് റദ്ദാക്കി, ബിസിസിഐ അത് ഏഴ് വര്‍ഷമായി കുറച്ചു. 2020 സെപ്റ്റംബറില്‍ വിലക്ക് അവസാനിച്ചു.

കെസിഎയുടെ വിലക്കിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമാണ് ശ്രീശാന്തിന്റെ പ്രതികരണം. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. എന്ത് അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇതുവരെ അറിയില്ല. ഞാന്‍ ഒരു സംസ്ഥാന ക്രിക്കറ്ററെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. കെസിഎയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിന് പിന്നാലെ സഞ്ജുവിനെതിരേയും നടപടിയുണ്ടായേക്കും. ഇതിന്റെ ഭാഗമായാണ് പിതാവിനെതിരായ നടപടി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം വിശ്രമം ആവശ്യപ്പെട്ട് വിജയ് ഹസാരെ ട്രോഫിയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതോടെയാണ് സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ആഭ്യന്തര ഏകദിന മത്സരങ്ങള്‍ കളിക്കാനുള്ള അവസരം നഷ്ടമായ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി.

ശ്രീശാന്തിനെതിരായ കെസിഎയുടെ വേഗത്തിലുള്ള കടുത്ത നടപടി വലിയ വിവാദത്തിനിടയാക്കിയേക്കും. കേരളത്തിന്റെ ഏറ്റവും പ്രശസ്തനായ അന്താരാഷ്ട്ര ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. ശ്രീശാന്തിന്റെ പരാമര്‍ശങ്ങള്‍ കടുത്തതാണെങ്കിലും സഞ്ജുവിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. വിലക്കിനെതിരെ നിയമനടപടിയുമായി ശ്രീശാന്ത് മുന്നോട്ടുപോകാനാണ് സാധ്യത.

 

facebook twitter