+

ശബരിമല സ്വർണക്കൊള്ള : ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി

ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന് വിറ്റ സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട തൊണ്ടിമുതലാണ് ബെല്ലാരിയിലെ ഗോവർദ്ധൻറെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്.

ഇന്നലെ വൈകുന്നേരം എസ്.പി ശശിധരൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് പുളിമാത്ത് വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. 476 ഗ്രാം സ്വർണത്തിൻറെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നത്. ഗോവർദ്ധൻ പ്രത്യേക അന്വേഷണ സംഘവുമായി പൂർണമായും സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അതേസമയം,ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘത്തിൻറെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് എസ്.ഐ.ടിക്ക് ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധൻ മൊഴി നൽകിയിരുന്നു. ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നിർണായക വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐ.ടി സംഘം പോറ്റിയുമായി ബംഗളൂരുവിലേക്ക് പോയത്.

കഴിഞ്ഞ ദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വർണം വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗോവർദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ്.പി ശശിധരൻ തന്നെ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. സ്വർണം വിറ്റ കാര്യം ഗോവർദ്ധൻ സമ്മതിച്ചു. 476 ഗ്രാം സ്വർണത്തിൻറെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ‍ർ മുരാരി ബാബുവിനെ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി. 2019 ജൂണിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ മഹസറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവായിരുന്നു.

ദേവസ്വം വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറായിരുന്ന ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബാബുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

facebook twitter