
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ബി. മുരാരി ബാബുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10ന് പെരുന്നയിലെ വീട്ടിലെത്തിയതാണ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. വർഷങ്ങളായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ ഒരാളാണ് മുരാരി. സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ പങ്കും തൊണ്ടിമുതൽ നിലവിൽ എവിടെയാണ് ഉള്ളത് എന്നതും അറിയാനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
2025ൽ ദ്വാരപാലക ശിൽപത്തിന്റെ പാളികൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽകൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം.
ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവർത്തിച്ചിരുന്നത്.
മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.
എൻ.എസ്.എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്ന മുരാരി ബാബു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സ്ഥാനം രാജിവെച്ചിരുന്നു. കരയോഗം ബോർഡ് യോഗം കൂടി രാജി ആവശ്യപ്പെടുകയായിരുന്നു.
കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര പരാമർശമുണ്ട്. മുരാരി ബാബു അടക്കമുള്ള അന്നത്തെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായെന്നും പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുമാണ് മൊഴി.