പത്തനംതിട്ട :ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയുംഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു.
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.