ശബരിമല : പുല്ലുമേട് കാനനപാതയിൽ വനത്തിനുള്ളിൽ കുടുങ്ങിയ നാല് ശബരിമല തീർത്ഥാടകരെ സംയുക്ത സേനാംഗങ്ങൾ ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി.
സന്നിധാനത്തു നിന്നും മൂന്നു കിലോമീറ്റർ അകലെ വനത്തിനുള്ളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ ചെന്നൈ സ്വദേശികളായ ലീലാവതി, ആന്റണി, പെരിയസ്വാമി, മധുരൈ സ്വദേശി ലിംഗം എന്നിവരെയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ രക്ഷപ്പെടുത്തി സന്നിധാനത്ത് എത്തിച്ചത്.
തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന നാല് പേരും ശാരീരിക അവശതകളെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ് പോസ്റ്റിൽ എത്തി മറ്റ് സംഘാംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർ ആന്റ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ
സർവ്വീസ് ടീം എന്നിവർ നടത്തിയ തെരച്ചിലിലാണ് നാലു പേരെയും കണ്ടെത്തിയത്.
അവശരായിരുന്ന നാലു പേരെയും രാത്രി 11 മണിയോടെ സ്ട്രക്ചറിലും അല്ലാതെയുമായും താഴെ എത്തിച്ച് സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.