ശബരിമല റോഡ് വികസനത്തിന് മുൻതൂക്കം: മന്ത്രി മുഹമ്മദ് റിയാസ്

08:51 AM Oct 24, 2025 | AVANI MV

പത്തനംതിട്ട : ശബരിമല റോഡ് വികസനത്തിന് മുൻതൂക്കം നൽകുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ് ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് കുരിശുമ്മൂട് കൊട്ടി പിള്ളേത്ത്- ഐരേത്ത് വിള റോഡിന്റെ നിർമാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് ബിഎംബിസി നിലവാരത്തിൽ 3.1 കിലോ മീറ്റർ ഇരപ്പുകുഴി-പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റർ പാളക്കടവ്-ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്.

 പ്രമാടം പഞ്ചായത്ത് ഓഫീസ് മുതൽ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റർ റോഡാണ് നവീകരിക്കുന്നത്. 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശബരിമല തീർഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീർഥാടനത്തിന് മുമ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എഞ്ചിനീയർ, ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു. ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 879.44 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ നാല് വർഷത്തിത്തിനിടെ 1107.24 കോടി രൂപ ശബരിമല റോഡുകൾക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

റോഡ് പ്രവൃത്തിക്ക് 35,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡ് നവീകരിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം ഉയർത്തി. സംസ്ഥാന പാതകൾ നാലുവരിയായും പ്രധാന ജില്ല പാതകൾ രണ്ടുവരിയായും ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എലവേറ്റഡ് ഹൈവേയും ബൈപ്പാസും ആസൂത്രണം ചെയ്യുന്നതായും മന്ത്രി കൂട്ടിചേർത്തു.

നാടിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് അധ്യക്ഷനായ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ  ജി ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.