ശബരിമല സന്നിധാനത്ത് ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ; പിടികൂടി വനം വകുപ്പ്

09:51 AM Dec 20, 2024 | Neha Nair

ശബരിമല : ശബരിമല സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

ഗോശാലയ്ക്ക് സമീപത്തെ റോഡിനോട് ചേർന്ന് പാമ്പിനെ കണ്ട ദേവസ്വം താൽക്കാലിക ജീവനക്കാർ ബഹളം വെച്ചു. ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പി.വി.സി പൈപ്പിനുള്ളിൽ ഒളിച്ചു.

തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം വിഷപ്പാമ്പുകളെയാണ് പിടികൂടിയത്.