മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യർഥിച്ച് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം (30). അഭ്യർഥനയുമായി ഇയാൾ ബാന്ദ്ര മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ച ശേഷമാണ് പ്രതി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതി അവകാശപ്പെടുന്നത്. പൊലീസിനോട് നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി കേസ് ഈ മാസം 13ലേക്ക് മാറ്റിവച്ചു. മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ഷെരിഫുല്ലിനെ പാർപ്പിച്ചിരിക്കുന്നത്.