സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ; പ്രതി പദ്ധതിയിട്ടത് ഇളയമകനെ തട്ടിക്കൊണ്ടുപോകാനെന്ന് സൂചന

06:14 AM Jan 21, 2025 | Suchithra Sivadas

വീട്ടില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം പദ്ധതിയിട്ടത് താരത്തിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാനായിരുന്നോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകനെ ബന്ദിയാക്കി വന്‍ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയായ ഷെരിഫുള്‍ ഇസ്ലാം ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ബംഗ്ലാദേശില്‍ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന്‍ അടക്കമുള്ളവരെ ശാരീരികമായി കീഴ്പ്പെടുത്താന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെയ്ഫ് അലി ഖാന്‍ താമസിക്കുന്ന 13 നില കെട്ടിടത്തില്‍ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടര്‍ന്ന് 11-ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടര്‍ന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു. പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടര്‍ന്ന് സെയ്ഫ് അലി ഖാന്‍ ഇവിടേക്ക് എത്തുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോ?ഗിച്ച് പ്രതി കുത്തുകയായിരുന്നു. പ്രതിയെ വീടിനുള്ളിലാക്കി നടന്‍ വാതില്‍ അടച്ചെങ്കിലും കുളിമുറിയില്‍ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി രക്ഷപ്പെട്ടു, പിന്നീട് പിടിയിലാവുകയായിരുന്നു.
 

Trending :