ബോളിവുഡ് താരം സല്മാന് ഖാനെ പാകിസ്ഥാന് ഭീകരവാദിയായി പ്രഖ്യാപിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബലൂചിസ്ഥാനെ കുറിച്ചുള്ള താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ പാകിസ്ഥാന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഈ വിഷയത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്.
സല്‍മാനെ ഭീകര നിരീക്ഷണ പട്ടികയില്‍പ്പെടുത്തി എന്ന വാര്‍ത്ത സംബന്ധിച്ച് പാക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ സംഘമാണ് വ്യക്തത വരുത്തിയത്. ബലൂചിസ്ഥാനെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് ശേഷം സല്മാന് ഖാനെ പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ഭീകരരെ സഹായിക്കുന്നയാള്‍ എന്ന് മുദ്ര കുത്തുകയും ചെയ്തെന്നായിരുന്നു പ്രചാരണം. എന്നാല്‍ പാക് മന്ത്രാലയത്തിന്റ വിശദീകരണം ഇങ്ങനെയാണ്-
''നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റിയുടെ നിരോധിത വ്യക്തികളുടെ പേജിലോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ / പ്രൊവിന്‍ഷ്യല്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെയോ ഗസറ്റിലോ സല്മാന് ഖാനെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായുള്ള പാക് സര്‍ക്കാരിന്റെ പ്രസ്താവനയോ അറിയിപ്പോ രേഖയോ ഉണ്ടായിട്ടില്ല''. അതിനാല്‍ തന്നെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണ് പാക് മന്ത്രാലയത്തിന്റെ വിശദീകരണം.