ആപ്പിളിനെ വീണ്ടും കളിയാക്കി സാംസങ്

08:23 PM Sep 13, 2025 | Kavya Ramachandran

ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തതിനു പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് സാംസങ്. ലോകത്തിലെ വമ്പൻ ടെക് ഭീമന്മാർ തമ്മിലുള്ള യുദ്ധം എല്ലാവർക്കും അറിയാവുന്നതാണ്. ആപ്പിളിനെ ട്രോളി 2022 ൽ സാംസങ് എക്സിൽ കുറിച്ച പോസ്റ്റ് റീ ഷെയർ ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഇത് മടക്കിക്കഴിഞ്ഞാൽ ഞങ്ങളെ അറിയിക്കുക ( let us know it when it folds) എന്നാണ് സാംസങ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് റീ ഷെയർ ചെയ്തതിനു പിന്നാലെ കമൻറ് ബോക്സിൽ ഇരു വിഭാഗം ആരാധകരും തമ്മിൽ തല്ലായി.

മുൻപ് ആപ്പിൾ 15 സീരീസ് അവതരിപ്പിച്ചപ്പോളും 2024ൽ 16 സീരീസ് അവതരിപ്പിച്ചപ്പോളുമെല്ലാം സാംസങ് ആപ്പിളിനെ ട്രോളി രംഗത്തു വന്നിരുന്നു. കൂടാതെ ആപ്പിളിനെ ട്രോളിയുള്ള സാംസങിൻറെ പരസ്യങ്ങളും വൈറലായിട്ടുണ്ട്. #icant എന്ന ഹാഷ്ടാഗോടെയാണ് പേരുപറയാതെ ആപ്പിളിനെ പരിഹസിച്ചുള്ള പോസ്റ്റുകൾ സാംസങ് എക്സിൽ പങ്കുവച്ചിരിക്കുന്നത്. അതേസമയം ആപ്പിൾ പ്രേമികളുടെ നീണ്ട കാത്തിരിപ്പിനു ശേഷം വമ്പൻ അപ്ഗ്രേഡുകളുമായാണ് ഐഫോൺ 17 സീരീസ് രംഗത്തു വന്നിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫോൺ എന്ന സവിശേഷതയോടെയാണ് ഐഫോൺ വിപണിയിലെത്തിയിരിക്കുന്നത്.