സാംസങ് അവരുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി എഫ്16 5ജി ഇന്ത്യയില്‍ പുറത്തിറക്കി. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറും, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയും വരുന്ന ഫോണ്‍ ആറ് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുന്നു. ഫോണിന്‍റെ ഇന്ത്യയിലെ ഫീച്ചറുകളും വിലയും വിശദമായി അറിയാം.
സാംസങ് ഗ്യാലക്സി എഫ്16 5ജി സ്പെസിഫിക്കേഷനുകള്‍
6.7 ഇഞ്ച് ഫുള്‍എച്ച്‌ഡി+ അമോലെഡ് ഡിസ്പ്ലെയോടെയാണ് ഗ്യാലക്സി എഫ്16 5ജി ഇന്ത്യയിലെത്തിയത്. 90Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിംഗ് അനുഭവം നല്‍കുമെന്ന് സാംസങ് പറയുന്നു. ബാക്ക് പാനല്‍ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. 5000 എംഎഎച്ച് ബാറ്ററി 25 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. 50 എംപിയുടെതാണ് പ്രധാന ക്യാമറ, അള്‍ട്രാ-വൈഡ് ലെന്‍സ് 5 എംപിയുടേതും മാക്രോ ലെന്‍സ് 2 എംപിയുടേതും. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 13 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഗ്യാലക്സി എഫ്16 5ജിയുള്ളത്.
സാംസങ് ഗ്യാലക്സി എഫ്16 5ജി ആറ് ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റും ആറ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും നല്‍കുന്നു. ഇത് ഫോണിനെ പുത്തനാക്കി നിലനിര്‍ത്തും. സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട്, തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ റീടെയ്‌ല്‍ സ്റ്റോര്‍ എന്നിവ വഴിയാണ് ഗ്യാലക്സി എഫ്16 5ജി ഫോണിന്‍റെ വില്‍പന.
സാംസങ് ഗ്യാലക്സി എഫ്16 5ജി വേരിയന്‍റുകളും വിലയും
മൂന്ന് റാം-സ്റ്റോറേജ് വേരിയന്‍റുകളിലാണ് സാംസങ് ഗ്യാലക്സി എഫ്16 5ജി ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 4 ജിബി + 128 ജിബി- 12,499 രൂപ, 6 ജിബി + 128 ജിബി- 13,999 രൂപ, 8 ജിബി + 128 ജിബി- 15,499 രൂപ എന്നിങ്ങനെയാണ് വില. ബ്ലിങ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളിലുള്ള ഫോണിന് വില്‍പനയുടെ ആരംഭത്തില്‍ ഓഫര്‍ സാംസങ് നല്‍കുന്നുണ്ട്. ആക്സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ടും ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.