കൊച്ചി : നടിയുടെ പരാതിയിൽ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഇന്നലെ രാത്രി എളമക്കര പൊലീസ് മുംബൈയിലെത്തി സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു. എളമക്കര പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും.
ഞായറാഴ്ച രാവിലെയാണ് അമേരിക്കയിൽ നിന്ന് സനൽകുമാർ മുംബൈയിലെത്തിയത്. നടിയുടെ പരാതിയിൽ കേരള പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സനൽകുമാർ ശശിധരനെ മുംബൈ പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്.
തന്നെ പൊലീസ് തടഞ്ഞുവെച്ച വിവരം സനൽകുമാറാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയാണെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നും വിവിധ ഫേസ്ബുക്ക് പോസ്റ്റുകളിൽ സംവിധായകൻ പറഞ്ഞു.
ജനുവരിയിലാണ് പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തു എന്ന പരാതിയിൽ സനലിനെതിരെ എളമക്കര പൊലീസ് കേസെടുത്തത്. കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.