+

ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും സനെ തകൈച്ചി

നാരയിലെ പൊലീസ് ഓഫീസറായി പ്രവർത്തിച്ചിരുന്ന മാതാവിന്റെയും ഓട്ടോമോട്ടീവ്

ടോക്യോ: ജപ്പാനിൽ ചരിത്രം കുറിച്ചുകൊണ്ട്  ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പ്രസിഡന്റ് സനെ തകൈച്ചി ജപ്പാനിലെ ആദ്യ സവനിതാ പ്രധാനമന്ത്രിയാകും . ജപ്പാനിലെ അധോസഭയിൽ ചരിത്ര വോട്ടുകൾ നേടിയതോടെ തകൈച്ചി അടുത്ത പ്രധാനമന്ത്രിയും ആദ്യ വനിതാ പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുകയാണ് . 465 പേരുള്ള സഭയിൽ 237 വോട്ടുകളാണ് തകൈച്ചി നേടിയത്. അധോസഭയിലും തകൈച്ചിക്ക് മുൻതൂക്കമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ ജപ്പാന്റെ 104ാമത്തെ പ്രധാനമന്ത്രിയായി തകൈച്ചി മാറും.

ജപ്പാന്റെ ഉരുക്ക് വനിതയെന്നാണ് തകൈച്ചി അറിയപ്പെടുന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റാൽ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത്. ജപ്പാനിൽ അഞ്ച് വർഷത്തിനിടെ തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് തകൈച്ചി. സാമ്പത്തിക അസമത്വങ്ങളും കുറഞ്ഞ ജനനനിരക്കും അതുയർത്തുന്ന സാമൂഹിക പ്രതിസന്ധികളുമാണ് ജപ്പാനിലുള്ളത്.


നാരയിലെ പൊലീസ് ഓഫീസറായി പ്രവർത്തിച്ചിരുന്ന മാതാവിന്റെയും ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന പിതാവിന്റെയും മകളായാണ് തകൈച്ചി ജനിച്ചത്. കോബെ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. യുഎസ് കോൺഗ്രസിൽ കോൺഗ്രഷെണൽ ഫെലോ ആയി ജോലി ചെയ്തു. മോട്ടോർ ബൈക്കുകളോട് കമ്പമുണ്ടായിരുന്ന തകൈച്ചി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്.

1996ലാണ് തകൈച്ചി എൽഡിപിയിൽ ചേരുന്നത്. ആഭ്യന്തരം, കമ്മ്യൂണിക്കേഷൻ, സാമ്പത്തിക സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി മന്ത്രിസ്ഥാനങ്ങൾ തകൈച്ചി വഹിച്ചിട്ടുണ്ട്. എൽഡിപിയുടെ യാഥാസ്ഥിതിക സ്വഭാവം തകൈച്ചിക്കുമുണ്ടെന്ന് വിമർശനങ്ങൾ തകൈച്ചിക്കെതിരെ ഉയരുന്നുണ്ട്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. പിന്നാലെയാണ് ജപ്പാനിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നത്. 

facebook twitter