ന്യൂഡൽഹി: യു.കെ ആസ്ഥാനമായ ആയുധ കൺസൾട്ടന്റായ സഞ്ജയ് ഭണ്ഡാരിയെ (63) സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപ്പുള്ളിയായി ഡൽഹി കോടതി പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജിയിലാണ് തീരുമാനം.
അദ്ദേഹത്തെ നാടുകടത്തുന്നതിനെതിരെ യു.കെ കോടതി വിധിയുള്ളതിനാൽ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത മങ്ങി. ഡൽഹിയിൽ ആദായനികുതി (ഐ.ടി) വകുപ്പ് റെയ്ഡ് നടത്തിയതിനു പിന്നാലെ, 2016ൽ ആണ് ഭണ്ഡാരി ലണ്ടനിലേക്ക് മുങ്ങിയത്. 2017 ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി ക്രിമിനൽ കേസെടുത്തു. 2020ൽ ആദ്യ കുറ്റപത്രം നൽകി.
കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയുമായുള്ള ഭണ്ഡാരിയുടെ ബന്ധം അന്വേഷിച്ചുവരുകയാണ്. ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്ക്വയറിലെ വീട് 2009ൽ ഭണ്ഡാരി സ്വന്തമാക്കിയെന്നും റോബർട്ട് വാദ്രയുടെ നിർദേശപ്രകാരം അതു പുതുക്കിപ്പണിതെന്നും നവീകരണത്തിനുള്ള പണം റോബർട്ട് വാദ്രയാണ് നൽകിയതെന്നും ആരോപിച്ച് 2023ൽ ഇ.ഡി ഈ കേസിൽ അനുബന്ധ കുറ്റപത്രം നൽകിയിരുന്നു.