മഹാരാഷ്ട്രയിലെ നിലവിലെ ഭരണം ഔറംഗസേബിന്‍റെ കാലത്തേക്കാൾ മോശം : സഞ്ജയ് റാവത്ത്

02:45 PM Mar 15, 2025 | Neha Nair

മുംബൈ: മഹാരാഷ്ട്രയിലെ നിലവിലെ ബി.ജെ.പി ഭരണം മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ കാലത്തേക്കാൾ മോശമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കർഷകരുടെ ആത്മഹത്യകൾക്കും തൊഴിലില്ലായ്മക്കുമടക്കം സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഔറംഗസേബിനെ അടക്കം ചെയ്തിട്ട് 400 വർഷമായി. അദ്ദേഹത്തെ മറന്നേക്കൂ. മഹാരാഷ്ട്രയിലെ കർഷകർ ഔറംഗസേബ് കാരണമാണോ ആത്മഹത്യ ചെയ്യുന്നത്? നിങ്ങൾ കാരണമാണോ അവർ അത് ചെയ്യുന്നത് -റാവത്ത് ചോദിച്ചു. മുഗൾ ഭരണാധികാരി അതിക്രമം ചെയ്തതാണെങ്കിൽ ബി.ജെ.പി സർക്കാർ ചെയ്യുന്നത് അതിനേക്കാൾ ഭേദമാണോ എന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പിയും ഉൾപ്പെടുന്ന മഹായുതി സഖ്യത്തിന് ബി.ജെ.പി നേതൃത്വം നൽകുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്നു. ബി.ജെ.പി ഭരണം ഔറംഗസേബിനേക്കാൾ മോശമാണ് -റാവത്ത് പറഞ്ഞു.

ഛത്രപതി സംഭാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് “എല്ലാവരും” കരുതുന്നുണ്ടെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. മുൻ കോൺഗ്രസ് സർക്കാർ ആ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വിട്ടുനൽകിയതിനാൽ ഇനി അത് നീക്കം ചെയ്യാനാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.