ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഓവര്‍ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണിന് ഐപിഎല്‍ 2025 ലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്.
മത്സരത്തിനിടെ പരിക്കേറ്റ സഞ്ജുവിനെ സ്‌കാനിംഗിന് വിധേയമാക്കിയിരുന്നു. സീസണിന്റെ ശേഷിക്കുന്ന കളികളില്‍ വിട്ടുനില്‍ക്കാന്‍ സഞ്ജുവിനോട് ഉപദേശിച്ചതായാണ് സൂചന.
ഐപിഎല്ലില്‍ രാജസ്ഥാന്റെ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോററായ സഞ്ജുവിനെ 2025ലെ ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് 18 കോടി രൂപയ്ക്ക് ടീം നിലനിര്‍ത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്ററായി മാത്രമാണ് കളിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ടീമിന്റെ ഏഴാമത്തെ ലീഗ് മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ഇതോടെ സൂപ്പര്‍ ഓവറിലും ബാറ്റു ചെയ്യാനായില്ല. ടീം മത്സരം തോല്‍ക്കുകയും ചെയ്തു. സഞ്ജുവിനെ പോലെ ഒരു ബാറ്ററെ കൂടി നഷ്ടമായാല്‍ റോയല്‍സിന് വലിയ തിരിച്ചടിയാകും അത്.
സഞ്ജു ടീമില്‍ ഇടം നേടിയില്ലെങ്കില്‍, റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കാന്‍ സാധ്യത. ഇക്കുറി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏഴ് മത്സരങ്ങളും സഞ്ജു കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധസെഞ്ച്വറിയുടെ സഹായത്തോടെ 224 റണ്‍സ് ആണ് സമ്പാദ്യം.
ഡല്‍ഹിക്കെതിരായ മത്സരത്തോടെ സഞ്ജുവും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ 7 മത്സരങ്ങളില്‍ നിന്നും വെറും രണ്ട് ജയം മാത്രം നേടിയ ടീം പ്ലേ ഓഫിലെത്താന്‍ സാധ്യതയില്ല. ശരാശരിയിലും താഴെയുള്ള കളിക്കാരും കോച്ചിന്റെ തന്ത്രങ്ങളുമാണ് ടീമിന് തിരിച്ചടിയായത്.
ദ്രാവിഡിന്റെ ശിക്ഷണത്തില്‍, ടീം ഒത്തൊരുമയോടെ കളിക്കുന്നില്ല. യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ തുടങ്ങിയ യുവതാരങ്ങളെ നിലനിര്‍ത്തിയത് റോയല്‍സിന് നേട്ടമായില്ലെന്ന് മത്സരഫലങ്ങള്‍ തെളിയിക്കുന്നു. സഞ്ജു സീസണില്‍ മാറിനില്‍ക്കുകകൂടി ചെയ്താല്‍ ആരാധകരും ടീമിനെ കൈവിട്ടേക്കും.