കൊച്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിമര്‍ശനവുമായി പിതാവ് സാംസണ്‍ വിശ്വനാഥ്. തന്റെ മകന്‍ സഞ്ജു കെസിഎയില്‍ സുരക്ഷിതനല്ലെന്ന് സാംസണിന്റെ പിതാവ് സ്‌പോര്‍ട്‌സ് ടാക്കുമായുള്ള സംഭാഷണത്തിനിടെ ആരോപിച്ചു.
ഇംഗ്ലണ്ടിനെതിരെ ജനുവരി 22 മുതല്‍ ആരംഭിച്ച ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു സാംസണ്‍. ഇതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കും ഫിബ്രുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും സഞ്ജുവിനെ ടീമിലെടുത്തില്ല.
എന്റെ കുട്ടികള്‍ കെസിഎയില്‍ സുരക്ഷിതരല്ലെന്ന് സാംസണ്‍ വിശ്വനാഥ് കണ്ണീരോടെ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്റെ മകനെ നശിപ്പിക്കും. അവനെ ഈ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സഞ്ജുവിന് അവസരം നല്‍കിയതിന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ടി20 ഐ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും സാംസണ്‍ വിശ്വനാഥ് പ്രശംസിച്ചു. സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും എന്റെ മകന് ഒരു അവസരം നല്‍കി, ഞാന്‍ അവരോട് വളരെ നന്ദിയുള്ളവനാണ്. എന്റെ മകന്റെ കഴിവുകള്‍ കണ്ടാണ് അവര്‍ അവസരം നല്‍കിയതെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി 2025 ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമില്‍ തനിക്ക് നിരാശയില്ലെന്ന് പിതാവ് പറഞ്ഞു. നിരാശപ്പെടേണ്ട കാര്യമില്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരഞ്ഞെടുക്കപ്പെട്ട ടീം മികച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2024ല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് സഞ്ജു. 3 സെഞ്ച്വറികളും താരം നേടി. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംനേടാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നു. എന്നാല്‍, വിജയ് ഹസാരെ ടീമില്‍ കെസിഎ ഉള്‍പ്പെടുത്താത്തതിനാല്‍ ആഭ്യന്തര ഏകദിനത്തില്‍ കഴിവ് തെളിയിക്കാനുള്ള അവസരം നഷ്ടമായി. ഇതാണ് ദേശീയ ടീമിലും ഇടംനേടാന്‍ കഴിയാതിരുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്ന്മാര്‍ക്കെതിരെ സഞ്ജുവിന്റെ പിതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതും ടീം സെലക്ഷനില്‍ സഞ്ജുവിനെ അവഗണിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.